District News
കൽപ്പറ്റ: കൽപ്പറ്റ ജനറൽ ആശുപത്രിക്ക് ക്രിട്ടിക്കൽ കെയർ ബ്ലോക്കിന് അനുവദിച്ച 23.75 കോടി രൂപ പാഴാക്കരുതെന്നും എൽസ്റ്റണ് എസ്റ്റേറ്റിൽ ലഭ്യമായ ഭൂമിയിൽ കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിന്റെ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന് സ്ഥലം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി സംസ്ഥാന ആരോഗ്യംവനിതാ ശിശു വികസന മന്ത്രിക്ക് വീണ്ടും കത്ത് നൽകി.
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് സ്ഥാപിക്കണമെന്നുള്ളത് ദീർഘകാല ആവശ്യമാണ്. 2025 സെപ്റ്റംബർ 22ന് നടന്ന വയനാട് ദിശ യോഗത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഈ ബ്ലോക്ക് നിർമിക്കുന്നതിനായി എൽസ്റ്റണ് എസ്റ്റേറ്റിൽ അനുയോജ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിച്ചു. എന്നാൽ ഇതിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.
ഈ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമാണത്തിനായി പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ പദ്ധതിയിൽ നിന്ന് 23.75 കോടി രൂപ ലഭ്യമാണ്. എന്നാൽ ഈ പദ്ധതിയുടെ കാലാവധി 2021-2022 മുതൽ 2025-2026 വരെയാണ്.
ജില്ലയിലെ ജനങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പദ്ധതി കാലാവധിക്കുള്ളിൽ പൂർത്തിയാകാതെ പുതിയ തടസങ്ങൾ നേരിടേണ്ടിവരുന്നത് നിരാശാജനകമാണ്. കണ്ടെത്തിയിരിക്കുന്ന ഭൂമിയുടെ അനുമതികൾ വേഗത്തിൽ പരിശോധിച്ച് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രിയങ്കാ ഗാന്ധി എംപി ആവശ്യപ്പെട്ടു.
ക്രിട്ടിക്കൽ കെയർ ബ്ലോക്ക് ജില്ലയിലെ ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന അത്യാവശ്യമായൊരു സംവിധാനമാണെന്നും. ഈ ആവശ്യം എത്രയും പെട്ടെന്ന് അനുഭാവപൂർവം പരിഗണിച്ചാൽ ഏറെ സന്തോഷകരമായിരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജിന് എഴുതിയ കത്തിൽ പ്രിയങ്ക ഗാന്ധി എംപി സൂചിപ്പിക്കുന്നു.
District News
കൽപ്പറ്റ: വയനാട് എക്സൈസ് എൻഫോസ്മെന്റ് ആൻഡ് അന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് കന്പളക്കാട് ഭാഗത്തു നടത്തിയ പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി 325 ഗ്രാം കഞ്ചാവുമായി ജാർഗണ്ട് സംഗ്രാംപൂർ സ്വദേശികളായ എസ്.കെ. മുബസാർ(27), നുറാലം ഷെയ്ഖ് (24), വെസ്റ്റ് ബംഗാൾ കൃഷ്ണഗർ സ്വദേശി റോണി ഷെയ്ഖ് (20) എന്നിവരെ അറസ്റ്റ് ചെയ്തു.
ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന ഇടങ്ങളിൽ ചില്ലറവില്പനയ്ക്ക് എത്തിച്ചതാണ് കഞ്ചാവ്.
പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിൽ, പ്രിവന്റീവ് ഓഫീസർമാരായ സി.ഡി. സാബു, കെ.ജി. വിജിത്ത്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എം.എ. രഘു, സിവിൽ എക്സൈസ് ഓഫീസർമാരായ എം.സി. സനൂപ്, കെ. മിഥുൻ, എം.ജെ. ഷിനോജ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ യു. ഷാനിയ, എം. അനിത, ടി. ഫസീല എന്നിവരും വയനാട് എക്സൈസ് സൈബർ സെല്ലിലെ സിവിൽ എക്സൈസ് ഓഫീസർ കെ.എ. അർജുൻ എന്നിവർ പങ്കെടുത്തു.
District News
സുൽത്താൻ ബത്തേരി: ദാരിദ്രനിർമാർജ്ജന യജ്ഞ പദ്ധതിയുടെ ഭാഗമായി വീടും സ്ഥലവും ഇല്ലാത്ത എട്ട് ഗുണഭോക്താക്കൾക്ക് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിക്കുന്നതിന് തറക്കല്ലിടൽ കർമം നിർവഹിച്ചു.
കുപ്പാടിയിൽ കുടുംബങ്ങൾക്ക് കണ്ടെത്തിയ സ്ഥലത്ത് നഗരസഭ ചെയർപേഴ്സണ് റസീന അബ്ദുൾ ഖാദർ തറക്കല്ലിടൽ നിർവഹിച്ചു.
അസിസ്റ്റന്റ് നോഡൽ ഓഫീസർ സജു പി. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സണ് ഇന്ദ്രജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷരായ പി. സംഷാദ്, ലീല പാൽപാത്ത്, പ്രമോദ് പാളാക്കര, വി.കെ. ഷിഫാനത്ത്, ഷെറീന അബ്ദുള്ള കൗണ്സിലർമാർ, സീനിയർ സെക്രട്ടറി കെ.എം. സൈനുദ്ധീൻ എന്നിവർ പ്രസംഗിച്ചു.
District News
നിലന്പൂർ: കാട്ടാനശല്യത്താൽ മൈലാടിയിലെ കർഷകകുടുംബങ്ങൾ ഭീതിയിൽ. പ്രദേശത്ത് വ്യാപകമായി കാട്ടാനകൾ കൃഷി നശിപ്പിച്ചു. കാർഷികവിളകൾ വന്യമൃഗങ്ങൾ നശിപ്പിച്ചതിന് ഒരു വർഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് കാട്ടാനശല്യം വീണ്ടും കർഷകരെ ദുരിതത്തിലാക്കുന്നത്.
ഇന്നലെ പുലർച്ചെ മൂന്നോടെ മൈലാടിപൊട്ടിയിലെ തൈപറന്പിൽ ബിജുവിന്റെയും ബിനുവിന്റെയും വീട്ടുമുറ്റങ്ങളിലെത്തി കാട്ടാന വാഴകൾ ഉൾപ്പെടെ നശിപ്പിച്ചു.
നൂറിലേറെ വാഴകൾ, പത്തോളം തെങ്ങുകൾ, പ്ലാവ് എന്നിവയാണ് നശിപ്പിച്ചത്. ബിജുവും കുടുംബവും ശബ്ദം കേട്ട് നോക്കുന്പോൾ വീടിന്റെ അടുക്കള ഭാഗത്തെ കൃഷിയിടത്തിലായിരുന്നു കാട്ടാന.
വനംവകുപ്പ് അശാസ്ത്രീയമായി സോളാർ വൈദ്യുത വേലി സ്ഥാപിച്ചതിനാൽ വേലി ഇല്ലാത്ത മറ്റ് ഭാഗങ്ങളിലൂടെ ചാലിയാർ പുഴയും കാഞ്ഞിരപ്പുഴയും കടന്ന് പൊക്കോട് വനമേഖലയിൽനിന്ന് ഉൾപ്പെടെ മൈലാടി, മൈലാടിപൊട്ടി, മണ്ണുപ്പാടം ഭാഗങ്ങളിലേക്ക് കാട്ടാനകൾ എത്തുകയാണ്.
കഴിഞ്ഞ ദിവസം രാത്രി കാട്ടാന മൈലാടി - മണ്ണുപ്പാടം ഭാഗത്തെ റോഡ് അരികിലേക്ക് എത്തിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയിരുന്നു.മൈലാടി ഭാഗത്ത് വനമേഖലയോട് ചേർന്ന് സോളാർ വൈദ്യുത തൂക്കുവേലി സ്ഥാപിച്ചാൽ മാത്രമേ വന്യമൃഗ ഭീതിയില്ലാതെ ജനങ്ങൾക്ക് വീടുകളിൽ കഴിയാൻ സാധിക്കുകയുള്ളൂവെന്ന് വാർഡ് അംഗം ബഷീർ കാട്ടുമുണ്ട പറഞ്ഞു.
District News
പൂക്കോട്ടുംപാടം: അമരന്പലം പഞ്ചായത്തിലെ ടി.കെ. കോളനിയിലും പരിസരപ്രദേശങ്ങളും മാസങ്ങളായി ഭീതിയിലാഴ്ത്തിയിരുന്ന കരടിയെ വനംവകുപ്പ് തൃശൂർ ജില്ലയിലെ പുത്തൂരിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. അമരന്പലം ആർആർടി ക്യാന്പിൽനിന്നു ഞായറാഴ്ച വൈകിട്ട് 3.30ഓടെയാണ് കരടിയെ മാറ്റിയത്. ക്യാന്പിൽ രണ്ട് ദിവസമായി വെറ്ററിനറി സർജന്റെ നിരീക്ഷണത്തിലായിരുന്നു കരടി.
ടി.കെ. കോളനി ധർമശാസ്ത അയ്യപ്പക്ഷേത്രത്തിൽ സ്ഥാപിച്ച കെണിയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിയോടെയാണ് കരടി അകപ്പെട്ടത്. തുടർന്ന് വനംവകുപ്പ് കരടിയെ കൂടു സഹിതം ആർആർടി ക്യാന്പിലേക്ക് മാറ്റുകയായിരുന്നു. ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിരുന്ന നെയ്യ്, എണ്ണ, ശർക്കര തുടങ്ങിയ പൂജാദ്രവ്യങ്ങൾ ഭക്ഷിക്കുകയും കൃഷിയിടങ്ങളിലെ തേൻപെട്ടികൾ തകർത്തും കരടി വ്യാപക നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തെത്തുടർന്ന് വനംവകുപ്പ് പ്രദേശത്ത് കെണികളും നിരീക്ഷണ കാമറകളും സ്ഥാപിച്ചിരുന്നു.
കരടി പിടിയിലായതിന് പിന്നാലെ, കരടിയെ വനപ്രദേശങ്ങളിലേക്ക് വീണ്ടും വിടാതെ മൃഗശാലയിലേക്കോ വന്യജീവി രക്ഷാകേന്ദ്രത്തിലേക്കോ മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്നാണ് നടപടി. കഴിഞ്ഞ വർഷം പിടികൂടിയ കരടി വീണ്ടും ജനവാസ മേഖലകളിലേക്ക് തിരിച്ചെത്തിയ അനുഭവം പരിഗണിച്ചാണ് ഈ ആവശ്യം ശക്തമായത്
District News
മങ്കട: കോട്ടക്കൽ ആര്യവൈദ്യശാലയുടെ വൈദ്യരത്നം പി.എസ്. വാര്യർ അവാർഡിനായുള്ള 57 - ാമത് അഖിലേന്ത്യ ആയുർവേദ തിസീസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി അരിപ്ര സ്വദേശി ഡോ. ഷമീർ തോടങ്ങൽ.\
സ്പോർട്സ് മെഡിസിൻ ആൻഡ് ആയുർവേദ എന്ന വിഷയത്തിലായിരുന്നു അഖിലേന്ത്യാതല മത്സരം. ആര്യവൈദ്യശാല സ്ഥാപക ദിനാഘോഷ, ധർമാശുപത്രി ശതാബ്ദി ആഘോഷ സമാപന സമ്മേളന വേദിയിൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയരിൽ നിന്ന് ഷമീർ
പുരസ്കാരം ഏറ്റുവാങ്ങി.
40,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കഴിഞ്ഞ മേയിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാനതലത്തിൽ യുവ ഡോക്ടർക്ക് നൽകുന്ന ഡോ.ആർ.വി. ദവെ സ്മാരക ലജന്റ് ഫാർമസ്യൂട്ടിക്കൽസ് പ്രതിഭാ പുരസ്കാരത്തിനും ഡോ.ഷമീർ തോടേങ്ങൽ അർഹനായിരുന്നു. ആയുർവേദ ഓർത്തോപീഡിക്സ് സ്പോർട്സ് വിദഗ്ധനായ ഡോ. ഷമീർ തോടേങ്ങൽ മങ്കട ക്രസന്റ് ആയുർവേദ ആൻഡ് ഓർത്തോപീഡിക് ക്ലിനിക് എംഡിയാണ്.
District News
മലപ്പുറം: സർക്കാർ ഒരുക്കുന്ന സൗജന്യവും ഗുണമേൻമയുള്ളതുമായ ആരോഗ്യസേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിക്കുന്ന "ഹെൽത്തി കേരള’ ഫീൽഡ് കാന്പയിന് ജില്ലയിൽ തുടക്കമായി.
ജില്ലാതല ഉദ്ഘാടനവും പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമവും കളക്ടറേറ്റ് ഗ്രൗണ്ടിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു.
നല്ല ആരോഗ്യ സംവിധാനങ്ങൾ ലഭ്യമാണെങ്കിലും അവയെക്കുറിച്ചുള്ള അറിവ് ജനങ്ങളിൽ എത്താത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് കളക്ടർ പറഞ്ഞു.
സർക്കാർ നൽകുന്ന സേവനങ്ങൾ കൃത്യമായി മനസിലാക്കിയാൽ മാത്രമേ പൊതുജനങ്ങൾക്ക് അവ പ്രയോജനപ്പെടുത്താനും ആരോഗ്യരംഗത്തെ നേട്ടങ്ങൾ നിലനിർത്താനും സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, പ്രതിരോധ ചികിത്സയുടെ പ്രാധാന്യം, ജനകീയ-കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ-ആശുപത്രികൾ നൽകുന്ന സേവനങ്ങൾ, സൗജന്യ ചികിത്സാ പദ്ധതികൾ, മരുന്നുകളുടെ ലഭ്യത, ചികിത്സാസൗകര്യങ്ങൾ, പാലിയേറ്റീവ് കെയർ സേവനങ്ങൾ തുടങ്ങിയവ പൊതുജനങ്ങളിൽ എത്തിക്കുകയാണ് കാന്പയിന്റെ ലക്ഷ്യം.
District News
കോട്ടക്കൽ: വിദ്യാഭ്യാസരംഗത്തെ 30 വർഷത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ നീതി ആയോഗ് ഇന്ത്യൻ ഫോറം ഓഫ് എഡ്യു ലീഡേഴ്സ് ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദ ദേശീയ വിദ്യാഭ്യാസ എക്സലൻസ് അവാർഡ് നേടിയ മലപ്പുറം സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റും പൂക്കോട്ടുംപാടം ഗുഡ്വിൽ ഇംഗ്ലീഷ് സ്കൂൾ മാനേജിംഗ് ട്രസ്റ്റിയുമായ എം. അബ്ദുൾ നാസറിന് കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിന്റെ ആദരം.
സ്കൂളിൽ നടന്ന സഹോദയ തിരൂർ മേഖലാ കിഡ്സ് ഫെസ്റ്റ് ഉദ്ഘാടന വേദിയിൽ പ്രിൻസിപ്പൽ സിസ്റ്റർ ആൻസില ജോർജ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ശിലാഫലകം നൽകി ആദരിച്ചു.
ഈ അംഗീകാരം മലപ്പുറം സഹോദയ നടത്തുന്ന വ്യതിരിക്തമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കാണുന്നതായി ഉപഹാര സമർപ്പണം നടത്തി സിസ്റ്റർ ആൻസില ജോർജ് പറഞ്ഞു. പിടിഎ പ്രസിഡന്റ് സി.ആർ. ശരത്നാഥ് അധ്യക്ഷത വഹിച്ചു.
സ്കൂൾ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പി.കെ. മുഹമ്മദ് ഷാഫി, സഹോദയ ജനറൽ സെക്രട്ടറി എം. ജൗഹർ, ഭാരവാഹികളായ ജോബിൻ സെബാസ്റ്റ്യൻ, നിർമല ചന്ദ്രൻ, പി. നിസാർഖാൻ, ഹഫ്സ കാരാടൻ, രതി അരുണ്, ബീന ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
District News
എടക്കര: അന്തർസംസ്ഥാന പാതയായ നാടുകാണി ചുരത്തിലെ എക്സൈസ് ചെക്ക് പോസ്റ്റ് നിലവിലെ സ്ഥലത്ത് തന്നെ നിലനിർത്താൻ തീരുമാനം. വഴിക്കടവ് ആനമറിയിൽ എക്സൈസ് ചെക്ക് പോസ്റ്റ് പ്രവർത്തിച്ചിരുന്ന കാലപ്പഴക്കമേറിയ കണ്ടെയ്നർ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി.
ആനമറിയിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് ചെക്ക്പോസ്റ്റ് ആർടി ഓഫീസിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കാൻ നാല് ദിവസം മുന്പ് നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ ഇതിനെതിരേ പ്രതിഷേധമുയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. എക്സൈസ് ചെക്കുപോസ്റ്റിലെ പരിശോധന നേരിടാതെ ആനമറി പൂവത്തിപ്പൊയിൽ ബൈപാസ് റോഡ് വഴി ചരക്ക് വാഹനങ്ങൾക്കടക്കം നികുതി വെട്ടിച്ച് കടന്നുപോകാൻ സൗകര്യം ഒരുങ്ങുമെന്ന വിമർശനം ഉയർന്നിരുന്നു.
അഞ്ച്് മസ്ജിദുകളുടെ കബർസ്ഥാനുള്ള സ്ഥലത്തിനോട് ചേർന്ന് കെഎൻജി റോഡിൽ പുതിയ എക്സൈെസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നത് മൃതദേഹങ്ങൾ മറവ് ചെയ്യുന്ന സമയങ്ങളിൽ ഗതാഗതതടസത്തിനിടയാക്കുമെന്ന അഭിപ്രായവും ഉയർന്നു. ഇതോടെ പഞ്ചായത്ത് അധികൃതർ ചെക്ക് പോസ്റ്റ് നിലവിലുള്ളിടത്ത് തന്നെ നിലനിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു.
ഗ്രാമപഞ്ചായത്ത് അധികൃതരും മഹല്ല് കമ്മിറ്റി ഭാരവാഹികളും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും എംഎൽഎ ആര്യാടൻ ഷൗക്കത്തും ചേർന്ന് നടത്തിയ ചർച്ചയിലാണ് അന്തിമതീരുമാനമായത്. പുതിയ കണ്ടെയ്നർ സ്ഥാപിക്കുന്നതുവരെ തൊട്ടടുത്തുള്ള കെട്ടിടത്തിൽ ചെക്കുപോസ്റ്റിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
District News
നിലന്പൂർ: റബർ വിലയിൽ വർധനാ വാഗ്ദാനം പാലിക്കപ്പെടാത്തതിനാൽ കർഷകർക്ക് നിരാശ. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിലും കേന്ദ്ര ബജറ്റിലും കാര്യമായ തീരുമാനങ്ങളില്ലാത്തതാണ് റബർ കർഷകർക്ക് തിരിച്ചടിയായത്.
2021 - ലെ എൽഡിഎഫ് പ്രകടനപത്രികയിൽ റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാലിത് ഇതുവരെ പാലിക്കപ്പെട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മുന്പ് താങ്ങുവില 200 രൂപയാക്കിയിരുന്നു. നാലര വർഷത്തിന് ശേഷമാണ് താങ്ങുവില 170 രൂപയിൽ നിന്നും 200 ആക്കി ഉയർത്തിയത്. എന്നാൽ ഇതിന്റെ ഗുണം ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല.
കേന്ദ്ര സർക്കാർ ബജറ്റിലും അനുകൂല തീരുമാനങ്ങൾ ഉണ്ടാകാത്തതിനാൽ റബർ കർഷകർ കടുത്ത നിരാശയിലാണ്. ഉത്പാദനത്തിൽ ഉണ്ടായ കുറവും കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയായിരിക്കെയാണ് സർക്കാരുകളിൽനിന്നുള്ള പിന്തുണ ഇല്ലാതെ പോയതും. രാജ്യത്തെ റബർ ഉത്പാദനത്തിൽ 70 ശതമാനവും കേരളത്തിലാണ്. അതിനാൽ റബർമേഖലയോടുള്ള അവഗണന സംസ്ഥാനത്തെ സാന്പത്തിക മേഖലക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കർഷകർ പറയുന്നത്.
District News
എടക്കര: കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്. നിലന്പൂർ നോർത്ത് ഡിവിഷനിലെ നിലന്പൂർ റേഞ്ചിൽ വള്ളുവശേരി സെക്ഷനിലെ ബിഎഫ്ഒ ഹരികൃഷ്ണനാണ് (33) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
പൂച്ചക്കുത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ വനത്തിലേക്ക് തിരിച്ചയയ്ക്കാൻ ശ്രമിക്കുന്നതിനിടെ കൈവശമിരുന്ന പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. ഹരികൃഷ്ണന്റെ കൈയ്ക്കാണ് പരിക്ക്. ഉടൻ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാട്ടാനശല്യം രൂക്ഷമായ ഈ മേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മതിയായ സുരക്ഷാ സംവിധാനങ്ങളോ ആധുനിക ഉപകരണങ്ങളോ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്.
District News
മഞ്ചേരി: മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി റംസാൻ വ്രതാരംഭത്തോടനുബന്ധിച്ച് മഞ്ചേരി നഗരസഭയിൽ വാർഡ് തല ശുചീകരണ യജ്ഞത്തിന് തുടക്കം. മുട്ടിപ്പാലത്ത് നഗരസഭാധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.
വ്രതശുദ്ധിക്ക് മുന്പേ പരിസരശുദ്ധി -റംസാൻ ശുചീകരണ യജ്ഞം എന്ന പേരിൽ 15 വരെയാണ് കാന്പയിൻ. ഓരോ വാർഡുകളിലെയും പ്രധാന സ്ഥലങ്ങൾ കണ്ടെത്തി ക്ലബ് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ജനകീയമായാണ് ശുചീകരണം നടത്തുന്നത്. വൈസ് ചെയർപേഴ്സണ് അഡ്വ. ബീന ജോസഫ് അധ്യക്ഷത വഹിച്ചു.
ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ റിസ്വാന സാദിഖ് കൂളമഠത്തിൽ കാന്പയിൻ വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സക്കീർ വല്ലാഞ്ചിറ, എം.വി. അബൂബക്കർ, കൗണ്സിലർമാരായ മുജീബ് മുട്ടിപ്പാലം, എൻ.കെ. അബ്ദുറഹ്മാൻ, ഷബാന സലീം തുടങ്ങിയവർ പങ്കെടുത്തു.
District News
പൂക്കോട്ടുംപാടം: അമരന്പലം അന്പലക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന തൈപ്പൂയ മഹോത്സവം ഭക്തിനിർഭരമായി ആഘോഷിച്ചു. ഗജവീരൻമാരുടെ സാന്നിധ്യത്തിൽ നടന്ന പറ നിറയ്ക്കൽ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
പ്രസാദ ഉൗട്ടിൽ 2000ലധികം പേർ പങ്കെടുത്തു. മൂന്ന് ഗജവീരൻമാരുടെ അകന്പടിയോടെ വർണാഭമായ നഗരപ്രദക്ഷിണ ഘോഷയാത്രയും ഉണ്ടായിരുന്നു. ചെണ്ടമേളം, ദേവനൃത്തം, ശിങ്കാരിമേളം തുടങ്ങി വിവിധ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പൂക്കോട്ടുംപാടം ടൗണ് ചുറ്റി നടന്ന ഘോഷയാത്രയ്ക്കു ശേഷം ക്ഷേത്രത്തിൽ സമൂഹാരാധന, ദീപാരാധന, ചെണ്ടമേളം എന്നിവയും നടത്തി.
നാദഭേരി മ്യൂസിക്കൽ ബാൻഡിന്റെ ഭജന, സമൂഹസദ്യ, മാതൃസമിതിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര, വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി. ക്ഷേത്രതന്ത്രി കിഴക്കുംന്പാടില്ലത്ത് ശങ്കരൻ നന്പൂതിരിപ്പാട്, മുഖ്യമേൽശാന്തി ശ്രീശൻ നന്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
ക്ഷേത്രം ഭാരവാഹികളായ കെ.എം. ഹരിദാസൻ, എം. അജേഷ്, പി. കുഞ്ഞിരാമൻ, ഉത്സവ കമ്മിറ്റി ഭാരവാഹികളായ സജി ഓലേടത്ത്, സുരേഷ് ബാബു കടന്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
District News
മഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി.അഷ്റഫലി.
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്ഇയു) സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നയിക്കുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് മഞ്ചേരിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്ഇയു ജില്ലാ ട്രഷറർ സി. അബ്ദുൾ ഷരീഫ് അധ്യക്ഷത വഹിച്ചു. പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുക, ശന്പള പരിഷ്കരണം നടപ്പാക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്.
യൂത്ത് ലീഗ് മഞ്ചേരി മണ്ഡലം പ്രസിഡന്റ് സജറുദ്ദീൻ മൊയ്തു, അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സക്കീർ വല്ലാഞ്ചിറ, എസ്ഇയു സംസ്ഥാന ഭാരവാഹികളായ കെ. അബ്ദുൾ ബഷീർ, സി. ലക്ഷ്മണൻ, ഹമീദ് കുന്നുമ്മൽ, വി.പി. സമീർ, സലീം കാസർഗോഡ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ അലി കരുവാരകുണ്ട്, സലീം ആലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
തിരുനാവായ: ഭാരതപുഴയുടെ ഇരുകരകളിലായി നടന്ന ദിവസങ്ങൾ നീണ്ടുനിന്ന മഹാമാഘ മഹോത്സവമായ കേരള കുംഭമേളയ്ക്ക് അമൃത സ്നാനത്തോടെ ഇന്നു കൊടിയിറങ്ങും.
ജനലക്ഷങ്ങൾ പങ്കുചേർന്ന മഹാമാഘ മഹോത്സവം ഒൗപചാരികമായി സമാപിക്കുന്പോൾ ഭാരതപ്പുഴയുടെ തീരം ആത്മീയ ഉണർവിന്റെയും സമൂഹധാർമിക ബോധത്തിന്റെയും സാക്ഷിയാകും. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്. സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്നാനം രാവിലെ എട്ടു മുതൽ ആരതിഘട്ടിൽ നടക്കും.
നാഗസന്ന്യാസിവര്യൻമാർ ഉൾപ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും സ്നാനത്തിൽ അണിനിരക്കും. വൈകീട്ട് നടക്കുന്ന നിള ആരതിയോടെയാണ് തിരുനാവായയിലെയും തവനൂരിലും നടക്കുന്ന മാഘമക മഹോത്സവത്തിന്റെ ചടങ്ങുകൾ പൂർത്തിയാവുക.
ഇന്നു തിരുനാവായയിൽ രാവിലെ എട്ടിന് അമൃത സ്നാനത്തെത്തുടർന്ന് യതി പൂജ നടക്കും. സനാതന ധർമത്തിന്റെ നിലനിൽപ്പിനായി സർവതും ഉപേക്ഷിച്ച് ജീവിതം സമർപ്പിച്ച സന്ന്യാസിമാണ് യതീ പൂജയ്ക്ക് നേതൃത്വം നൽകുക. പിന്നീട് ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും.
സന്ന്യാസിവര്യൻമാർക്ക് നൽകുന്ന അന്നദാനത്തിൽ ഭക്തജനങ്ങളും പങ്കുചേരും. ഭണ്ഡാരയിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചയാണ് "പംഗത്’. - രാജാവും സാധാരണക്കാരനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന സങ്കല്പമാണിത്.
എല്ലാവരും നിലത്ത് ഒരേനിരയിൽ ഇരുന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കും. തുടർന്ന് നിളാ ആരതി നടക്കും. തവനൂരിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ സമാപന ദിവസം അമൃത സ്നാനത്തിന് ശേഷം ത്രിമൂർത്തി സംഗമസ്ഥലത്ത് ലക്ഷദീപ സമർപ്പണവും മഹാആരതിയും നടക്കും.
ഇതോടെ മഹോത്സവം ഒൗപചാരികമായി സമാപിക്കുമെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. ഇന്നലെ യജ്ഞവേദിയുടെ സമീപത്ത് ഒരുക്കിയ വേദികളിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.